അമൻ കുമാർ എന്ന ചിലങ്കാധിപൻ!

 

എന്റെ കാലിലെ ഈ ചിലങ്ക ഒന്നഴിച്ചു തരാമോ?ജോധ്പൂരിലെ ഒട്ടകപ്പുരയിൽ നിൽക്കെ അമൻ കുമാർ എന്ന ഒട്ടകത്തിന്റെ ആവശ്യം എനിക്കു വല്ലാതെ റൊമാന്റിക്കായി തോന്നി. പഴയൊരോർമ ചൂളംവിളിക്കുന്നു; മധുര എക്സ്പ്രസിൽ ഒരു സന്ധ്യ. നിറമാല തൊഴുത് തിരുമുടി മാല വഴിപാടു കഴിച്ച് മമ്മിയൂരിലും ചൊവ്വല്ലൂരിലും വെള്ളയില പുഷ്പാഞ്ജലി നേർന്ന് വൈകുന്നേരത്തെ ട്രെയിനിൽ ഗുരുവായൂരിൽ നിന്നു കയറിയതാണ് ഞാൻ. ഗുരുവായൂരിൽ തൊഴുതു മടങ്ങുമ്പോൾ മനസ്സ് പുലരിമഴ നനഞ്ഞ പൂവിതൾ പോലെ ആർദ്രമാകുന്നു!